
ഇന്ത്യൻ റെയിൽവേയുടെ പുതിയ ആപ്പ്; ടിക്കറ്റ് മുതല്‍ ഭക്ഷണം വരെ ഒരു കുടക്കീഴിൽ; ഇനി കാര്യങ്ങൾ എളുപ്പമാകും
ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ്ങിനും, യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാനും മറ്റും നിരവധി ആപ്പുകൾ നിലവിലുണ്ട്. എന്നാൽ ഇതെല്ലം ഒരു കുടയിൽ ഉൾപ്പെടുത്തി പുതിയ ആപ്പ് എത്തിയിരിക്കുകയാണ്. ഇതുപയോഗിച്ച് നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും, ഭക്ഷണവും മറ്റും ഓർഡർ ചെയ്യാനും എളുപ്പത്തിൽ സാധിക്കും. യാത്രക്കാർക്കായി സ്വാറെയിൽ (SwaRail) എന്ന പുതിയ സൂപ്പർ ആപ്പിന്‍റെ ബീറ്റ വേര്‍ഷന്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ ഈ സൂപ്പർ ആപ്പ് റിസർവ് ചെയ്‌ത ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യൽ, പിഎൻആർ അന്വേഷണങ്ങൾ തുടങ്ങിയവ പോലുള്ള ബഹുമുഖ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഏകജാലക സംവിധാനമാണ്. സ്വാറെയിൽ നിലവിൽ ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ബീറ്റയിലാണ് ലഭ്യം. ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്കായി അനേകം ആപ്പുകളെ ആശ്രയിക്കുന്നത് സൂപ്പര്‍ ആപ്പിന്‍റെ വരവോടെ ഒഴിവാകും.
മൊബൈൽ ഫോൺ ഉപയോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും പുതിയ ആപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ സ്വാറെയിൽ ആപ്പ് നിലവിൽ ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് സ്വീകരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോൾ. സ്വാറെയിൽ ആപ്ലിക്കേഷന്‍റെ പ്രവർത്തന രീതി നിലവിലുള്ള ഐആർസിടിസി ആപ്പിന് സമാനമാണ്. എന്നാൽ ഐആര്‍സിടിസിയെ അപേക്ഷിച്ച് സ്വാറെയിൽ ആപ്പില്‍ നിരവധി ഓപ്ഷനുകൾ ഒരുമിച്ച് നൽകിയിരിക്കുന്നു. നിങ്ങൾക്ക് പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ പോയി സ്വറെയിൽ (SwaRail) ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിന് ശേഷം, നിലവിലുള്ള ഐആർടിസി അക്കൗണ്ടിന്‍റെ സഹായത്തോടെ ലോഗിൻ ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ടാകും. നിങ്ങൾക്ക് വേണമെങ്കിൽ ഒരു പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയുമാകാം. ഇതിന് ശേഷം ആപ്പിൽ ലഭ്യമായ നിരവധി സേവനങ്ങളുടെ ഉപയോഗം ആരംഭിക്കാം. ആപ്പിന്‍റെ ബീറ്റ പതിപ്പിൽ എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനും സാധിക്കും.
Comments (0)