
ഓവറാക്കേണ്ട! പ്രൊമോഷണൽ കോളുകൾ ശല്യമായാൽ പിഴ വരും: കടുപ്പിച്ച് ട്രായ്
നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ നിരവധി കോളുകളാണ് ഓരോ വ്യക്തികൾക്കും ദിവസേന ലഭിക്കുന്നത്. നമ്മുടെ ഫോൺ നമ്പറുകൾ പല ഇടങ്ങളിലും ഓരോ ആവശ്യങ്ങൾക്കായി നല്കുന്നതിലൂടെയാണ് ഇത്തരം കോളുകൾ വരുന്നതിന് കാരണവും. വ്യാജ കോളുകളും പ്രൊമോഷണൽ കോളുകളും സ്പാം കോളുകളും സർവ സാധാരണമാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ സ്വയം ബോധവാത്മാരാവുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. സ്പാം കോളുകൾ വരുമ്പോൾ അത് തിരിച്ചറിയാനും ക്രിത്യമായ കൈകാര്യം ചെയ്യാനും ആദ്യം പഠിച്ചിരിക്കണം. ഇതിന് പുറമെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഇടപെടലുകളും ശക്തമാണ്. സ്പാം കോളുകൾ, സന്ദേശങ്ങൾ എന്നിവയുടെ ശല്യം ഒഴിവാക്കാനായി നിയമങ്ങൾ ശക്തമാക്കുകയും നടപടിയെടുക്കുകയും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്.
വ്യക്തിയുടെ സമ്മതമില്ലാതെ വരുന്ന മാർക്കറ്റിങ് അല്ലെങ്കിൽ പരസ്യ കോളുകൾക്ക് കർശന നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ ശക്തമാക്കിയതായി ട്രായ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇത്തരം കോളുകൾക്ക് പത്ത് ലക്ഷം രൂപ വരെ പിഴ ഈടാക്കും. വ്യക്തിയുടെ സ്വകാര്യതക്കും സമയത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് ട്രായ് നിമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി മാർക്കറ്റിങ് കോളുകൾ ഒഴിവാക്കാനും ഇഷ്ടത്തിനനുസരിച്ച് തീരുമാനിക്കാനുമായി ഡു നോട്ട് ഡിസ്റ്റർബ് (DND) ആപ്പും അവതരിപ്പിച്ചിട്ടുണ്ട്.
ടെലികോം കൊമേഴ്ഷ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ് (TCCCPR) പ്രകാരമുള്ള ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയങ്ങൾക്ക് (UCC) 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴ ചുമത്തും.
സാമ്പത്തികവുമായി ബന്ധപ്പെട്ട മാർക്കറ്റിങ് കോളുകളോ സന്ദേശങ്ങളോ ആണെങ്കിൽ ആദ്യഘട്ടത്തിൽ 2 ലക്ഷം രൂപയാണ് പിഴ ഈടാക്കുക. രണ്ടാമത്തെ ലംഘനത്തിന് 5 ലക്ഷം രൂപയും ആവർത്തിച്ചുള്ള നിയമ ലംഘനങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപയും പിഴ ഈടാക്കും. ഇതിന് പുറമെ പ്രൊമോഷണൽ സന്ദേശങ്ങൾ തടയുന്നതിനും പരാതികൾ റിപ്പോർട്ട് ചെയ്യാനും പരാതികളുടെ നില ട്രാക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം DND ആപ്പിൽ സജ്ജമാണ്.
Comments (0)