Posted By christy Posted On

ഇനി മരുന്ന് വാങ്ങാൻ ഫാർമസിയിൽ പോകേണ്ട; ഇനി ആമസോണിലൂടെ വീട്ടിലിരുന്ന് ഓൺലൈനായി ഓർഡർ ചെയ്യാം

ഉപ്പ് മുതൽ കർപ്പൂരം വരെ എന്ന പോലെ എല്ലാ സാധനങ്ങളും ഇപ്പോൾ ഓൺലൈനിൽ ലഭിക്കുന്ന കാലമാണ്. ഗ്രോസറി മുതൽ ദൈനംദിന ഉപയോഗ സാധനം വരെ ഇപ്പോൾ ഒറ്റ ക്ലിക്കിൽ ലഭിക്കും. അത്തരത്തിൽ വീട്ടിലിരുന്ന് മരുന്നും വാങ്ങാൻ സഹായിക്കുന്ന ഓൺലൈൻ ഫാർമസി ആരംഭിച്ചിരിക്കുകയാണ് ആമസോൺ. ലോകത്തെ എറ്റവും മികച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ഒന്നായ ആമസോണിലും ഈ സേവനം ഇനി മുതൽലഭ്യമാകും. ഇന്ത്യയിൽ എവിടേക്ക് വേണമെങ്കിലും ആമസോണിൽ നിന്ന് മരുന്നുകൾ വാങ്ങാമെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫിസ് സേവനമുള്ള എവിടെയും തങ്ങളുടെ ഓൺലൈൻ മരുന്ന് ഡെലിവറി സംവിധാനമായ ‘ഫാർമസി’ വഴി മരുന്നുകൾ എത്തിച്ചു നൽകുമെന്നാണ് ആമസോണിന്റെ വാഗ്ദാനം.

2020ൽ ബെംഗളൂരുവിൽ ഒരു പൈലറ്റ് പദ്ധതിയായ ആരംഭിച്ച ‘ഫാർമസി’ അഞ്ച് വർഷം പിന്നിടുമ്പോൾ രാജ്യവ്യാപകമായി എല്ലാ പിൻ കോഡുകളും ഉൾക്കൊള്ളിച്ച് വിപുലീകരിച്ചിട്ടുണ്ട്. നിലവിലുള്ള ആമസോൺ ആപ്പിൽ പ്രത്യേക വിഭാഗമായാണ് ‘ഫാർമസി’ ലഭ്യമാകുന്നത്. മറ്റ് ഉൽപന്നങ്ങൾ വാങ്ങുന്നതുപോലെ തന്നെ ആമസോണിൽ മരുന്നുകളും വാങ്ങാൻ കഴിയും. Practo, NetMeds, Flipkart Health+, PharmEasy, Tata 1mg, and Apollo 247 തുടങ്ങിയ കമ്പനികളാണ് നിലവിൽ ഓൺലൈനായി മരുന്ന് വ്യാപാരം നടത്തുന്നത്. ആമസോണിന്റെ പുതിയ കാൽവെപ്പ് ഇവർക്കെല്ലാം ഭീഷണിയാകാൻ സാധ്യതയുണ്ട്. മരുന്നുകൾക്ക് മാത്രമല്ല മെഡിക്കൽ ഉപകരണങ്ങളും ആമസോൺ ഫാർമസിയൂടെ ഉപയോക്താക്കൾക്ക് വാങ്ങാം.

ആമസോൺ ഫാർമസിയിലൂടെ എങ്ങനെ മരുന്നുകൾ വാങ്ങാമെന്ന് നോക്കിയാലോ. സാധാരണ ഉപയോഗിക്കുന്ന ആപ്പും അതേ വെബ്‌സൈറ്റും തന്നെയാണ് ഫാർമസിക്കായി സജ്ജീകരിച്ചിട്ടുള്ളത്. മറ്റൊരു ആപ്പും വെബ്‌സൈറ്റും ഇതിനായി തയ്യാറാക്കിയിട്ടില്ല. ആമസോണിന്റെ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ഉപയോക്താക്കൾക്ക് കുറിപ്പടി, ഓവർ-ദി-കൌണ്ടർ (OTC) മരുന്നുകൾ, സപ്ലിമെന്റുകൾ, ആരോഗ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഓർഡർ ചെയ്യാൻ കഴിയും. ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള മരുന്നുകൾക്ക് രജിസ്റ്റർ ചെയ്ത മെഡിക്കൽ ഡോക്ടറിൽ നിന്നുള്ള കുറിപ്പടി അപ്ലോഡ് ചെയ്യേണ്ടി വരും. കുറിപ്പടി ഇല്ലെങ്കിൽ ഓൺലൈനായി ഡോക്ടറുമായി സംസാരിക്കാനുമുള്ള സംവിധാനവും ഫാർമസിയിലുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാൽ മരുന്നുകൾ ലഭിക്കും. ഓൺലൈൻ പർച്ചേയ്‌സിങ് ഇഷ്ടപ്പെടുന്നവർക്ക് ഈ സേവനം കൂടുതൽ ഇപകാരപ്രദമാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *