
പുതിയ ഫോൺ വാങ്ങിയോ? ഇനി പഴയ ഫോണിൽ നിന്ന് ഡാറ്റ മാറ്റുന്നത് ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ? ഈ വഴികൾ നോക്കൂ
പുതിയ ടെക്നോളജി ഫോണുകൾ നിരവധിയാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ വർഷത്തിൽ ഒന്നോ, രണ്ടോ തവണ പോലും ഫോണുകൾ മാറുന്നവരാണ് നമ്മളിൽ പലരും. അത്തരം സാഹചര്യങ്ങളിൽ പഴയ ഫോണിൽ നിന്ന് ഡാറ്റ മാറ്റുന്നത് ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ? എങ്കിൽ വളരെ എളുപ്പമാണ്. പുതിയ ഫോൺ വാങ്ങിയാൽ പഴയത് ഒഴിവാക്കുന്നതിന് മുമ്പ് ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യേണ്ടി വരും. പേഴ്സണൽ ഡാറ്റകളും ഒഫീഷ്യൽ ഡാറ്റകളും ഇത്തരത്തിൽ മാറ്റം ചെയ്യേണ്ടതായി വരാറുണ്ട്. എങ്ങനെ തടസ്സങ്ങളില്ലാതെ ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യാമെന്ന് നോക്കിയാലോ.
ഗൂഗിൾ ബാക്കപ്പ് ഒപ്ഷൻ ഉപയോഗിച്ച് എങ്ങിനെയാണ് ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യുന്നതെന്ന് നോക്കാം. അതിന് മുമ്പായി ചില കാര്യങ്ങൾ ആദ്യം ചെയ്ത് വെക്കണം. അതിൽ ഒന്നാമതായി ചെയ്യേണ്ടത് ഡാറ്റ ട്രാൻസ്ഫർ ചെയ്യേണ്ട ഫോണും ഡാറ്റ ഉൾക്കൊള്ളേണ്ട ഫോണും ചാർജ് ചെയ്തു വെക്കുക എന്നതാണ്. ഡാറ്റ ട്രാൻസ്ഫറിന്റെ ഇടയിൽ സ്വിച്ച് ഓഫ് ആവാതിരിക്കാൻ വേണ്ടിയാണിത്. പഴയ ഫോണിൽ നിന്നാണ് ഡാറ്റകൾ മാറ്റുന്നതെങ്കിൽ ഏറ്റവും പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തിരിക്കണം. അതുപോലെ പ്രധാനപ്പെട്ട കാര്യമാണ് ആപ്പ് ലോഗിൻ വിശദാംശങ്ങൾ കൈയിൽ കരുതി വെക്കണം എന്ന കാര്യം. കൂടാതെ ഉപയോഗമില്ലാത്ത ആപ്പുകൾ നീക്കം ചെയ്ത ശേഷം കുറച്ച് മെമ്മറി ബാക്കിയാക്കി വെക്കുകയും വേണം.
ഡാറ്റ ട്രാൻസ്ഫർ ചെയ്ത് തുടങ്ങുന്നതിന് മുനപ് തന്നെ സ്ക്രീൻ ടൈം ഔട്ടിന്റെ സമയം കൂട്ടിവെക്കണം. ചില ഫോണുകൾക്ക് പത്ത് മിനുട്ട് വരെ സ്ക്രീൻ ടൈം ഔട്ട് ലഭിക്കും. അത് തന്നെ സെലക്ട് ചെയ്യുന്നതാവും ഉത്തമം. കൂടാതെ രണ്ട് ഫോണുകളും വൈഫൈ കണക്ട് ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം. ഈ കാര്യങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞശേഷമാണ് ഡാറ്റ ട്രാൻസ്ഫർ ചെയ്യാൻ തുടങ്ങേണ്ടത്.
രണ്ടും ആൻഡ്രോയിഡ് ഡിവൈസുകൾ ആണങ്കിൽ ഗൂഗിൾ ബാക്കപ്പ് ഉപയോഗിച്ച് ഡാറ്റ ട്രാൻസ്ഫർ ചെയ്യുക എന്നതാണ് ഏറ്റവും ഉചിതമായ കാര്യം. അതിനായി പഴയ ഫോണിലെ സെറ്റിംഗ്സ് എന്ന ഒപ്ഷനിൽ പോയിട്ട് System>Google>Backup>Backup Now എന്ന ഒപ്ഷൻ സെലക്ട് ചെയ്യുക. ബാക്കപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം. തുടർന്ന് പുതിയ ഫോണിൽ ബാക്കപ്പ് ചെയ്യൽ ആരംഭിക്കാം. ഗൂഗിൾ ക്ലൗഡ് സ്പേസിൽ പോയി ബാക്കപ്പ് എന്ന ഒപ്്ഷൻ തിരഞ്ഞെടുക്കുക. അതിനായി ഗൂഗിൾ അക്കൗണ്ട് സൈൻ ചെയ്യേണ്ടി വരും. തുടർന്ന് ബാക്കപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കും. ഫയലുകളുടെ മെമ്മറി അനുസരിച്ചായിരിക്കും ബേക്കപ്പിന്റെ വേഗത. കുറച്ചു ഫയലുകൾ മാത്രമൊള്ളുവെങ്കിൽ പെട്ടന്ന് തന്നെ ബാക്കപ്പ് ആവും. എന്നാൽ കൂടുതൽ ഫയലുകൾ ഉണ്ടെങ്കിൽ മണിക്കൂറുകളോളം സമയമെടുക്കും.
കൂടാതെ യുഎസ്ബി ടൈപ്പ് സി കാബിളുകൾ ഉപയോഗിച്ചും ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. രണ്ടു ഫോണുകളും യുഎസ്ബി ടൈപ്പ് സി കാബിൾ ഉപയോഗിച്ച് കണക്ട് ചെയ്യണം. പഴയ ഫോണിൽ നിന്ന് ആവശ്യമായ ഡാറ്റകൾ സെലകട് ചെയ്ത ശേഷം കോപ്പി എന്ന ഒപ്്ഷൻ ക്ലിക്ക് ചെയ്യണം. പുതിയ ഫോണിലേക്ക് പേസ്റ്റ് എന്ന ഒപ്ഷൻ നൽകിയാൽ ബാക്ക് ഗ്രൗണ്ടിൽ ഫയലുകൾ ട്രാൻസ്ഫർ ആകുന്ന പ്രവർത്തനങ്ങൾ നടക്കും. തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ചും ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. ഗൂഗിൾ ബേക്കപ്പോ യുഎസ്ബി കാബിൾ ഉപയോഗിച്ചോ ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യുന്നതിലേറെ കൂടുതൽ ഒപ്ഷനുകൾ ആപ്പുകൾ നൽകും. ചില ആപ്പുകൾ ഉപയോഗിക്കാൻ പണം നൽകണമെന്ന് മാത്രം. ഫയലുകൾ ട്രാൻസ്ഫർ ചെയ്ത് കഴിഞ്ഞാൽ എല്ലാം ലഭിച്ചിട്ടുണ്ടോ എന്നുകൂടി ഉറപ്പുവരുത്തേണ്ടതാണ്.
Comments (0)