Posted By christy Posted On

അറിഞ്ഞോ? ബിഎസ്എൻഎലിലേക്ക് മാറിയാൽ ഒരുപാട് ഗുണങ്ങൾ! എങ്ങനെ പോർട്ട് ചെയ്യാമെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ടെലികോം കമ്പനികൾ ഉപയോക്താക്കൾക്കായി നിരവധി ഓഫാറുകളാണ് ദിവസവും കൊണ്ടുവരുന്നത്. അത്തരത്തിൽ പൊതുമേഖല കമ്പനിയായ ബിഎസ്എൻഎല്ലിലേക്ക് നമ്പർ പോർട്ട് ചെയ്യാൻ ആളുകൾ മത്സരിക്കുകയാണ്. കുറഞ്ഞ വരുമാനമുള്ളവർക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും ആകർഷകമായ റീച്ചാർജ് പാക്കേജുകൾ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നതാണ് നമ്പർ സ്വകാര്യ ടെലികോം സേവനദാതാക്കളിൽ നിന്ന് പോർട്ട് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
സ്വകാര്യ കമ്പനികൾ നിരക്കുകൾ 11 മുതൽ 24 ശതമാനം വരെ ഉയർത്തിയപ്പോൾ ബിഎസ്എൻഎൽ ഇപ്പോഴും പഴയ നിരക്കുകളിൽ തുടരുകയാണ്. സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയതോടെ ആളുകൾ ബദൽ സംവിധാനം അന്വേഷിച്ചപ്പോൾ നിരക്ക് കൂട്ടാതിരുന്ന ബിഎസ്എൻഎല്ലിലേക്കും അതിന്റെ പ്രീപെയ്ഡ് പ്ലാനുകളിലേക്കും ആളുകളുടെ ശ്രദ്ധ എത്തുകയും സ്വകാര്യ കമ്പനികളുടെ വരിക്കാർ ഉൾപ്പെടെ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് എത്തുകയും ചെയ്തു.

കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ആഗ്രഹിക്കുന്നവർക്ക് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനുള്ള സൗകര്യം ഇപ്പോഴും തുറന്നുകിടപ്പുണ്ട്. തങ്ങളുടെ നിലവിലുള്ള സിം കണക്ഷൻ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ മൊബൈൽ നമ്പർ മാറാതെ ബിഎസ്എൻഎൽ കണക്ഷൻ എങ്ങനെയെടുക്കാമെന്ന് നോക്കാം. അതിനും ഒരുപാട് മാർഗങ്ങളുണ്ട്.

ആദ്യം നിങ്ങളുടെ ഫോണിൽ നിന്ന് PORT എന്ന് ടൈപ്പ് ചെയത് ശേഷം മൊബൈൽ നമ്പറും ചേർത്ത് 1900 എന്ന നമ്പറിലേക്ക് മെസ്സേജ് അയക്കണം. ഉടൻ തന്നെ നിങ്ങൾക്ക് SMS വഴി ഒരു
യുണീക് പോർട്ടിങ് കോഡ് (UPC) ലഭിക്കും. തുടർന്ന് ഒരു ബിഎസ്എൻഎൽ സേവന കേന്ദ്രമോ റീട്ടെയിൽ സ്റ്റോർ സന്ദർശിക്കണം.

അവിടെ ഒരു ഉപഭോക്തൃ അപേക്ഷാ ഫോം (CAF) ഉണ്ടാവും. അത് പൂരിപ്പിക്കണം. ഒരു ഫോട്ടോ ഐഡി (ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ പാസ്പോർട്ട്) യും വിലാസത്തിനുള്ള ഐഡിയും സമർപ്പിക്കണം. ഫീസ് അടച്ചാൽ നിങ്ങളുടെ പുതിയ ബിഎസ്എൻഎൽ സിം ലഭിക്കും.

നിങ്ങളുടെ UPC കോഡ് സമർപ്പിച്ച് പോർട്ടിംഗ് റിക്വസ്റ്റ് പൂർത്തിയാക്കി SMS സ്ഥിരീകരണം ലഭിച്ചാൽ ബിഎസ്എൻഎൽ സിം ഉപയോഗിക്കാവുന്നതാണ്. ഏഴ് ദിവസം കൊണ്ട് സിം ആക്ടീവ് ആകും. പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ 1800-180-1503 എന്ന ബിഎസ്എൻഎൽ ടോൾ ഫ്രീ നമ്പിൽ വിളിച്ച് സഹായം തേടാം.

സ്വകാര്യ ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങളുള്ള പ്ലാനുകൾ നൽകുന്നുണ്ട്. സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്നവർ മിക്കവരും ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നുമുണ്ട്. സർവ്വീസ് വാലിഡിറ്റി ലഭിക്കാൻ വളരെ കുറച്ച് തുക മാത്രം ചിലവാക്കിയാൽ മതി എന്നതാണ് ബിഎസ്എൻഎല്ലിന്റെ ഒരു ഗുണം.

പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ പോർട്ടബിലിറ്റി സേവനം നൽകുന്നുണ്ട്. നമ്പർ മാറാതെ തന്നെ മറ്റേതൊരു നെറ്റ്വർക്കിൽ നിന്നും എളുപ്പം ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാവുന്നതാണ്.
ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യും മുമ്പ് തീരുമാനം നന്നായി ആലോചിച്ച് ഉറപ്പിക്കണം. കാരണം എല്ലാ സ്ഥലത്തും നെറ്റ്‌വർക്ക് ഉണ്ടെങ്കിലും ഡാറ്റയുടെ കാര്യം ഉറപ്പിക്കാൻ കഴിയില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *