
വാട്‌സാപ്പിൽ ഇനി ഫുൾ വെറൈറ്റികൾ! പ്രൊഫൈലിൽ നിങ്ങളുടെ സോഷ്യൽ മീഡിയ ലിങ്കുകളും ഉൾപ്പെടുത്താം
വാട്‌സാപ്പിൽ ദിനംപ്രതി നിരവധി ഫീച്ചറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ വെറൈറ്റി ഫീച്ചറുകളാണ് വാട്‌സാപ്പിൽ വന്നിരിക്കുന്നത്. ഓരോ ഫീച്ചറുകളും ഉൾപ്പെടുത്തുമ്പോൾ വ്യത്യസ്തതയും സ്വീകാര്യതയും എപ്പോഴും വാട്‌സ്ആപ്പ് അധികൃതർ ശ്രദ്ധിക്കാറുണ്ട്. സോഷ്യൽ മീഡിയ ലിങ്കുകൾ ഇനി പ്രൊഫൈലിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന പുത്തൻ ഫീച്ചറാണ് നിലവിൽ ഉൾപ്പെടുത്തുമെന്ന് സൂചനയുള്ളത്. ബില്ലുകൾ നേരിട്ട് അടയ്ക്കുന്നതിനുള്ള സൗകര്യം കൂടി വാട്‌സ്ആപ്പിൽ ഉൾപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടിരുന്നു. ഈ ഫീച്ചർ യാഥാർത്ഥ്യമായാൽ ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല്, മൊബൈൽ പ്രീപെയ്ഡ് റീചാർജ്, എൽ.പി.ജി ഗ്യാസ് ബില്ല്, ലാൻഡ് ലൈൻ-പോസ്റ്റ് പെയ്ഡ് ബില്ല്, റെൻറ് പേയ്മെന്റ് എന്നിവയെല്ലാം വാട്‌സ്ആപ്പ് വഴി അടയ്ക്കാൻ സാധിക്കും.
ഒരാളുടെ പ്രൊഫൈലിൽ മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടി ഉൾപ്പെടുത്താൻ സാധിച്ചാൽ വാട്‌സ്ആപ്പിന് പുതിയ മുഖം തന്നെ കൈവരും. ഉപയോക്താക്കൾക്ക് അവരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സ്റ്റോറികളായി പങ്കിടാൻ അനുവദിക്കുന്ന ഫീച്ചർ വാട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. അതുപോലെ ഇൻസ്റ്റഗ്രാമിൽ നിന്ന് റീലുകൾ നേരിട്ട് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കാനുള്ള ഫീച്ചറും മെറ്റ പുറത്തിറക്കിയിരുന്നു. ഉപയോക്താക്കൾക്ക് അവരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ സോഷ്യൽ മീഡിയ പ്രൊഫൈലുകളുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഫീച്ചറാണ് മെറ്റ പരീക്ഷിക്കുന്നതെന്നാണ് WABetaInfo യുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഐഫോണിനായുള്ള വാട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തുന്നത്. ഈ ഫീച്ചർ യാഥാർത്ഥ്യമായാൽ ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പിൽ നിന്ന് പുറത്തുപോകാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എത്താൻ കഴിയും.
നേരത്തെ തന്നെ വാട്‌സ്ആപ്പിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉൾപ്പെടുത്താൻ കഴിയുമായിരുന്നു. എന്നാൽ ബിസിനസ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമെ ഈ ഫീച്ചർ ലഭ്യമായിരുന്നുള്ളു. ബിസിനസ് വാട്‌സ്ആപ്പിൽ സോഷ്യൽ മീഡിയ ലിങ്കുകൾ ഉൾപ്പെടുത്താൻ മെറ്റയുടെ വെരിഫിക്കേഷനും ആവശ്യമായിരുന്നു. സ്റ്റാൻഡേർഡ് വാട്ട്സ്ആപ്പ് ആപ്പിൽ വെരിഫിക്കേഷൻ ആവശ്യമില്ലെന്നും ഉപയോക്താക്കളെ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കായുള്ള ലോഗിൻ വിശദാംശങ്ങൾ നേരിട്ട് നൽകാൻ കഴിയുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്.
Comments (0)