
90 ദിവസം സൗജന്യമായി നേടാം; കിടിലൻ പ്ലാനുമായി ജിയോഹോട്ട്സ്റ്റാർ; ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത
പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ച് ജിയോ. 90 ദിവസം വാലിഡിറ്റിയുള്ള 195 രൂപയുടെ ഡാറ്റ-ഓൺലി റീച്ചാർജ് പ്ലാനാണ് കമ്പനി പുറത്തിറക്കിയത്. പുതിയ റീച്ചാർജ് പ്ലാനിനൊപ്പം, മൂന്നു മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സൗജന്യമായി ലഭിക്കും. ഐസിസി ചാംപ്യൻസ് ട്രോഫി, വനിതാ പ്രീമിയർ ലീഗ്, വരാനിരിക്കുന്ന ഐപിഎൽ 2025 തുടങ്ങിയ ലൈവ് ക്രിക്കറ്റ് ഇവന്റുകളും മറ്റെല്ലാ ജിയോഹോട്ട്സ്റ്റാർ കാറ്റലോഗിലേക്കും പ്ലാൻ ആക്സസ് നൽകുന്നു. സാധാരണ റീച്ചാർജ് പ്ലാനുകൾക്കൊപ്പമുള്ള ആഡ്-ഓൺ പ്ലാനായാണ് 195 രൂപയുടെ പുതിയ ക്രിക്കറ്റ് ഡാറ്റ പായ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ പ്ലാനിൽ, 90 ദിവസത്തേക്ക് 15 ജിബി 4 ജി/5 ജി ഡാറ്റയും, പരസ്യം ഉൾപ്പെടുന്ന ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് സ്മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും പ്ലാൻ ഉപയോഗപ്പെടുത്താം. ഒരേസമയം ഒരു ഉപകരണത്തിൽ മാത്രമായിരിക്കും ഹോട്സ്റ്റാർ ലഭ്യമാകുക. 720പി വരെ റെസല്യൂഷനിൽ കണ്ടന്റുകൾ സ്ട്രീം ചെയ്യാം.
ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാകുന്ന രണ്ടാമത്തെ റീചാർജ് പ്ലാനാണിത്. 84 ദിവസം വാലിഡിറ്റിയുള്ള 949 രൂപയുടെ റീച്ചാർജ് പ്ലാൻ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. പ്രതിദിനം 2 ജിബി 4 ജി ഡാറ്റ, അൺലിമിറ്റഡ് 5ജി ഡാറ്റ, കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 90 ദിവസത്തെ ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ എന്നവ പ്ലാനിൽ ലഭിക്കും.
Comments (0)