
പഴയ പോലെ ഇനി പറ്റില്ല; ലൈവ് വീഡിയോകളുടെ രീതി മാറ്റി ഫേസ്ബുക്ക്
ഫേസ്ബുക്കിലെ ഏറ്റവും കൂടുതൽ ആകർഷണമായ ഫീച്ചറാണ് ലൈവ് വീഡിയോ സംപ്രേഷണം. ഒരു പരിപാടിയോ മറ്റോ എത്ര നേരം വേണമെങ്കിലും ഫേസ്ബുക്ക് വഴി ലൈവ് വീഡിയോ ചെയ്യാം. ഈ ലൈവ് വീഡിയോ എത്രകാലം വേണമെങ്കിലും ഫേസ്ബുക്കിൽ സ്‌റ്റോർ ആയി നിൽക്കും. പക്ഷെ ഇനി മുതൽ അതുണ്ടാവില്ല എന്നാണ് മെറ്റ അധികൃതർ പറയുന്നത്. ലൈവ് വീഡിയോ സേവ് ആയി വെക്കുന്ന തീരുമാനത്തിൽ നിന്ന് ഫേസ്ബുക്ക് മാറ്റം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോൾ ലൈവ് വീഡിയോകൾ പ്ലാറ്റ്ഫോമിൽ അനിശ്ചിതമായി സേവ് ചെയ്യില്ല. പോസ്റ്റ് ചെയ്തതിന് 30 ദിവസത്തിന് ശേഷം അവ യാന്ത്രികമായി ഡിലീറ്റ് ചെയ്യപ്പെടും. ഉപയോക്താവ് സ്വമേധയാ ഡിലീറ്റ് ചെയ്തില്ലെങ്കിൽ ലൈവ് വീഡിയോകൾ കാലാകാലം സേവ് ചെയ്യുന്ന മുൻ നയത്തിൽ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്. നിലവിലെ പുതിയ തീരുമാനപ്രകാരം 30 ദിവസത്തിൽ കൂടുതൽ പഴക്കമുള്ള ഏതൊരു ലൈവ് വീഡിയോയും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെടും. എന്നിരുന്നാലും, ഈ പഴയ വീഡിയോകൾ ഇല്ലാതാക്കുന്നതിന് മുമ്പ് ഫേസ്ബുക്ക് ഉപയോക്താക്കളെ ഇമെയിൽ വഴിയും ഇൻ ആപ്പ്, പോപ്പ് അപ്പുകൾ വഴിയും അറിയിക്കും.
ഉപയോക്താക്കൾക്ക് അവരുടെ പഴയ ലൈവ് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനോ കൈമാറാനോ 90 ദിവസത്തെ സമയവും ഫേസ്ബുക്ക് നൽകുന്നുണ്ട്. അവർക്ക് വീഡിയോകൾ അവരുടെ ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ ഡൗൺലോഡ് ചെയ്യാൻ ഇപ്പോൾ കഴിയും. അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ ഡ്രോപ്പ്‌ബോക്‌സ് പോലുള്ള ക്ലൗഡ് സ്റ്റോറേജിലേക്ക് ട്രാൻസ്ഫർ ചെയ്യാനും കഴിയും. പക്ഷെ ഇതെല്ലാം 90 ദിവസത്തിനുള്ളിൽ ചെയ്യണം. അല്ലെങ്കിൽ അവ പൂർണ്ണമായി ഡിലീറ്റ് ആകുമെന്ന് ഓർക്കണം. ഫെബ്രുവരി 19 മുതൽ പുതിയ ലൈവ് വീഡിയോയും 30 ദിവസത്തേക്ക് വീണ്ടും പ്ലേ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും ഷെയർ ചെയ്യാനും കഴിയുമെന്നും അതിനുശേഷം അവ യാന്ത്രികമായി ഡിലീറ്റ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. അതേ സമയം നിലവിലെ ലൈവ് വീഡിയോകൾ റീലാക്കി മാറ്റാൻ കഴിയും. ഈ റീലുകൾ ഫേസ്ബുക്കിൽ പങ്കിട്ടാൽ ഉപയോക്താവിന്റെ പ്രൊഫൈലിൽ ലഭ്യമാകും. കൂടാതെ ഡിലീറ്റ് ചെയ്യപ്പെടുകയുമില്ല. ടിക്‌ടോകുമായുള്ള മത്സരത്തിന്റെ ഭാഗമായാണ് റീലാക്കാനുള്ള ഒപ്ഷൻ ഫേസ്ബുക്ക് നൽകിയതെന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം. മെറ്റാ ഷോർട്ട് വീഡിയോ ബിസിനസ് വളർത്താൻ ആഗ്രഹിക്കുന്നുവെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നു.
ടിക്‌ടോകിന്റെ പ്രധാന വിപണികളിലൊന്നായ അമേരിക്കയിൽ ബിസ്‌നസ് വളർത്താൻ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ ഇതിനിടയിൽ മെറ്റ തങ്ങളുടെ ഷോർട്ട് വീഡിയോ ബിസിനസ്സ് വളർത്താനാണ് നീക്കമെന്നും പല വിദഗ്ധരും വിശ്വസിക്കുന്നു. ഈ മാറ്റം ഉപയോക്താക്കളെ ദീർഘകാല ലൈവ് സ്ട്രീമുകളേക്കാൾ ഷോർട്ട്-ഫോം ഉള്ളടക്കത്തിൽ കൂടുതൽ ഇടപഴകാൻ ശീലമാക്കും.
Comments (0)