Posted By christy Posted On

പണിപാളി; ഗൂഗിൾ പേയിൽ ഇനി ബില്ലുകൾ അടയ്ക്കാൻ കൺവീനിയൻസ് ഫീസും വരുന്നു

ഇന്ത്യയിൽ നിരവധി യുപിഐ പേയ്‌മെൻറ് ആപ്പുകൾ സജീവമാണ്. അതിൽ പ്രധാപ്പെട്ട ആപ്പാണ് ഗൂഗിൾ പേ (Google Pay). ഡിജിറ്റൽ ഇടപാടിന്റെ ആദ്യകാലത്ത് എല്ലാ സേവനങ്ങളും സൗജന്യമായിരുന്നു. ഒരുപാട് ഓഫറുകളും ക്യാഷ് ബാക്കും വരെ യുപിഐ ഇടപാട് വെച്ച് നടന്നിരുന്നു. എന്നാൽ പതിയെ ചില ഇടപാടുകൾക്ക് പണം ഈടാക്കാൻ തുടങ്ങി. നിലവിൽ മൊബൈൽ റീച്ചാർജിന് വരെ സർവീസ് ചാർജ് ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. വളരെ ചെറിയ തുകയാണ് ഈടാക്കുന്നതെങ്കിലും രാജ്യമൊട്ടുക്കും വരുമ്പോൾ വലിയ തുകയായി മാറും. ഇപ്പോൾ ബില്ലുകൾ അടയ്ക്കുമ്പോൾ കൺവീനിയൻസ് ഫീസ് (convenience fee) ഈടാക്കാനുള്ള നീക്കത്തിലാണ് ഗൂഗിൾ പേ എന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ബിൽ പേയ്‌മെന്റുകൾക്കാണ് കൺവീനിയൻസ് ഫീസ് ഈടാക്കുക.

വൈദ്യുതി, ഗ്യാസ്, വെള്ളക്കരം തുടങ്ങിയ ബില്ലുകൾ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് അടയ്ക്കുമ്പോഴാണ് കൺവീനിയൻസ് ഫീസ് ഈടാക്കുക. 0.5 ശതമാനം മുതൽ 1 ശതമാനം വരെയാണ് ചാർജ് ഈടാക്കുക. ഒപ്പം ജിഎസ്ടിയും നൽകേണ്ടി വരും. നിലവിൽ സൊമാറ്റോയും മറ്റ് ആപ്പുകളും അവരുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് കൺവീനിയൻസ് ചാർജ് ഈടാക്കുന്നുണ്ട്.

കഴിഞ്ഞ വർഷം നവംബർ മുതൽ ഗൂഗിൾ പേ ഉപയോഗിച്ച് മൊബൈൽ റീച്ചാർജ് ചെയ്യാൻ കൺവീനിയൻസ് ഫീസ് ഈടാക്കാൻ തുടങ്ങിയിരുന്നു. മൂന്ന് രൂപയാണ് മൊബൈൽ റീചാർജ് ചെയ്യാൻ ഗൂഗിൾ പേ ഈടാക്കുന്നത്. എന്നാൽ യുപിഐ ബാങ്ക് ഇടപാടുകൾക്ക് നിലവിൽ യാതൊരു ഫീസും ഈടാക്കുകയില്ല. നേരത്തെയുള്ളത് പോലെ ഈ ഇടപാടുകൾ ഇപ്പോഴും സൗജന്യമാണ്.

2020ൽ ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2,000 രൂപയിൽ താഴെയുള്ള യുപിഐ ഇടപാടുകൾക്ക് Merchant Discount Rate (MDR) എഴുതിത്തള്ളാൻ സർക്കാർ യുപിഐ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അത്തരം ഇടപാടുകൾക്കുള്ള ചെലവ് സർക്കാർ കമ്പനിക്ക് തിരികെ നൽകുകയാണ് ചെയ്യാറ്. അതിനാൽ തന്നെ യുപിഐ ഉപയോക്താക്കളിൽ നിന്ന് നേരിട്ട് വരുമാനം ഉണ്ടാക്കാൻ യുപിഐ ആപ്പുകൾക്ക് പുതിയ വഴികൾ തേടേണ്ട അവസ്ഥയാണ്. ഇടപാടുകൾക്ക് പണം ഈടാക്കാൻ തുടങ്ങിയെങ്കിലും ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവരികയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ജനുവരിയിൽ 23.48 ലക്ഷം കോടി രൂപയുടെ 16.99 ബില്യൺ ഇടപാടുകളാണ് യുപിഐ ഇടപാടിലൂടെ രേഖപ്പെടുത്തിയത്. ഇത് വാർഷികാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ 39 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു.

ഇതിനിടയിലും മറ്റൊരു നീക്കവും ടെക് ലോകത്ത് നടക്കുന്നുണ്ട്. അടുത്തായി വന്ന റിപ്പോർട്ട് അനുസരിച്ച് വാട്‌സ്ആപ്പിലും ബിൽ പേയ്‌മെൻറുകൾ നടത്താനുള്ള സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. വാട്‌സ്ആപ്പിൽ വരുന്ന ബിൽ പേയ്‌മെൻറുകൾക്ക് പണം ഈടാക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചർ വന്നാൽ പണം ഈടാക്കുന്ന യുപിഐ ആപ്പുകൾക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *