
കാത്തിരുന്ന കിടിലൽ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം; ഇനി മ്യൂമ്യൂസിക് സ്റ്റിക്കർ, പിൻ മെസേജ്, ക്യുആർ കോഡ്
ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് രസകരമായി ആശയവിനിമയം നടത്താൻ അനുവദിക്കുന്ന വിവിധ ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡിഎം (ഡയറക്ട് മെസേജ്) വിഭാഗത്തിൽ, മെസേജ് ട്രാന്സ്ലേഷന്, പിന്‍ മെസേജ്, ഗ്രൂപ്പ് ചാറ്റുകൾക്ക് ക്യുആർ കോഡ് തുടങ്ങിയ ഫീച്ചറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
മെസേജ് ട്രാൻസ്‌ലേഷൻ
മറ്റു ആപ്പുകളുടെ സഹായം ഇല്ലാതെ സന്ദേശങ്ങൾ ട്രാൻസ്‌ലേറ്റ് ചെയ്യാൻ അനുവദിക്കുന്ന മെസേജ് ട്രാന്‍സ്ലേഷനാണ് പുതിയ ഫീച്ചറുകളിൽ പ്രധാനം. മറ്റൊരു ഭാഷയിൽ അയച്ചതോ സ്വീകരിച്ചതോ ആയ സന്ദേശത്തിൽ ലോങ് പ്രസ് ചെയ്തുകൊണ്ട് എളുപ്പത്തിൽ സേവനം ഉപയോഗിക്കാം.
മ്യൂസിക് സ്റ്റിക്കർ
ഡിഎം സ്ക്രീനിൽ നിന്ന് പുറത്തു പോകാതെ മെസേജിലൂടെ പാട്ടുകൾ പങ്കിടാൻ അനുവദിക്കുന്ന ഫീച്ചറാണ് മ്യൂസിക് സ്റ്റിക്കർ. നിങ്ങൾക്ക് മറ്റൊരാളുമായി ഒരു ഗാനം വേഗത്തിൽ ഷെയർ ചെയ്യണമെങ്കിൽ, ടെക്സ്റ്റ് ഫീൽഡിന്റെ ഇടതുവശത്ത് കാണുന്ന സ്റ്റിക്കർ ഐക്കണിൽ ടാപ്പ് ചെയ്യണം. തുടർന്ന് ‘മ്യൂസിക്’ൽ ടാപ്പുചെയ്ത് ഗാനം തിരഞ്ഞ് സെൻഡ് ചെയ്യാം.
പിൻ മെസേജ്
വാട്സ്ആപ്പിൽ വളരെ കാലം മുൻപ് തന്നെ ലഭ്യമായ ഫീച്ചറാണ് ‘പിൻ മെസേജ്.’ വേണ്ടപ്പെട്ട ചാറ്റുകൾ ലിസ്റ്റിന്റെ മുകളിലായി ക്രമീകരിക്കുന്ന രീതിയാണിത്. ചാറ്റുകളിലേക്ക് എളുപ്പത്തിൽ എത്താനുള്ള ഈ മാർഗം ഇപ്പോൾ ഇൻസ്റ്റഗ്രാമിലും എത്തിയിരിക്കുകായാണ്. ഡിഎമ്മിൽ ചാറ്റ് പിൻ ചെയ്യാനായി, നിങ്ങൾക്ക് വേണ്ട ചാറ്റിൽ ടാപ്പു ചെയ്ത് പിൻ മെസേജ് തിരഞ്ഞെടുക്കാം. മൂന്നു ചാറ്റുകളായിരിക്കും ഒരേസമയം പിൻ ചെയ്യാനാകുക.
ഗ്രൂപ്പ് ചാറ്റുകൾക്ക് ക്യൂ ആർ കോഡ്
ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിലേക്ക് പുതിയ മെമ്പർമാരെ എളുപ്പത്തിൽ ആഡ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറാണിത്. ഇതിനായി, ഗ്രൂപ്പ് ചാറ്റ് തുറന്ന് മുകളിലുള്ള ഗ്രൂപ്പ് നെയിമിൽ ടാപ്പ് ചെയ്യുക. ഇവിടെ ലഭിക്കുന്ന ഇൻവൈറ്റ് ലിങ്കിൽ ടാപ്പു ചെയ്ത് ക്യൂ ആർ കോഡ് പങ്കിടാം. ഡിഎമ്മിൽ മെസേജുകളും റിമൈന്‍ഡറുകളും ഷെഡ്യൂള്‍ ചെയ്യാനുള്ള ഫീച്ചര്‍ ഇതിനോടകം ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയിരുന്നു.
Comments (0)