
ഐഫോണിലെന്താ അധിക നിരക്ക്? ഊബറിനും ഒലയ്ക്കും നോട്ടിസ്
ഫോണുകളുടെ അടിസ്ഥാനത്തിൽ ഉപയോക്താക്കൾക്ക് വ്യത്യസ്ത നിരക്കുകൾ കാണപ്പെട്ടതോടെ ഊബറിനും ഒലയ്ക്കും നോട്ടിസ് അയച്ചു കേന്ദ്രം. ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് വ്യത്യസ്ത നിരക്ക് ഈടാക്കിയെന്ന് ആരോപിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഇരു കമ്പനികളോടും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഒരേ സേവനത്തിന് ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ വ്യത്യസ്ത നിരക്ക് ഈടക്കുന്നുവെന്ന് സോഷ്യൽ മീഡിയയിലടക്കം നിരവധി തവണ ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. ‘വ്യത്യസ്ത സ്മാർട്ഫോൺ മോഡലുകളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നതായി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഉപഭോക്തൃകാര്യ വകുപ്പ്, ഒലയ്ക്കും ഊബറിനും നോട്ടീസ് അയച്ചിട്ടുണ്ട്,’ ഉപഭോക്തൃകാര്യ മന്ത്രി എക്സിലൂടെ അറിയിച്ചു.
വൻകിട കമ്പനികളുടെ ഇത്തരം ഉപഭോക്തൃ ചൂഷണങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫുഡ് ഡെലിവറി, ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ തുടങ്ങിയ മറ്റ് സമാന സേവനങ്ങളും പരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments (0)